ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് ഭീകരസംഘടനയുടെ പങ്ക് വ്യക്തമായിട്ടും പാകിസ്താനെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചില കോൺഗ്രസ് നേതാക്കൾ മാദ്ധ്യമങ്ങളിലൂടെ പാകിസ്താനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണെന്നും അത്തരക്കാർ ഇന്ത്യ വിടണമെന്നും പവൻ കല്യാൺ വിമർശിച്ചു.
ഇന്ത്യയിൽ ജീവിച്ച് പാകിസ്താനെ പിന്തുണയ്‌ക്കാനും സ്നേഹിക്കാനും കഴിയില്ല. പാകിസ്താനോട് അത്രയ്‌ക്കും സ്നേഹമാണെങ്കിൽ ഇന്ത്യയിൽ നിന്നും പോകണം. ഇന്ത്യ ഭീകരാക്രമണത്തിന് ഇരയാകുമ്പോഴും നിങ്ങൾ പാകിസ്താനെ സ്നേഹിക്കുകയാണെന്നും പവൻ കല്യാൺ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സൈഫുദ്ദീൻ സോസ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പാകിസ്താനെ അനുകൂലിച്ച് പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും അയൽ രാജ്യങ്ങളാണെന്നും അത് ഒരിക്കലും മാറില്ല എന്നുമായിരുന്നു സൈഫുദ്ദീൻ സോസിന്റെ പ്രസ്താവന. സിന്ധു നദീജല കരാർ റദ്ദാക്കരുതെന്നാണ് കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായമെന്നും സോസ് പറഞ്ഞു.
പാകിസ്താനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്നും കർശനമായ സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.















