ഐപിഎല്ലിൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരിക്കേറ്റ വിഘ്‌നേഷിന് പകരക്കാരനായി മുംബൈയുടെ നെറ്റ് ബൗളറായിരുന്ന പഞ്ചാബ് ലെഗ്സ്പിന്നർ രഘു ശർമ്മയെ ടീമിലെത്തിച്ചു.
ടൂർണമെന്റിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് വിഘ്നേഷ് വാർത്തകളിലിടം നേടിയിരുന്നു. മാർച്ചിൽ മുംബൈയുടെ സീസൺ ഓപ്പണറിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയായിരുന്നു വിഘ്‌നേഷിന്റെ ആദ്യ മത്സരം. അന്ന് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി 22 കാരനായ താരം തുടക്കം ഗംഭീരമാക്കി. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
പരിക്കേറ്റെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തുടരുമെന്ന് മുംബൈ അറിയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ, സ്ട്രെങ്ത് & കണ്ടീഷനിംഗ് ടീമിന്റെ മേൽനോട്ടത്തിൽ താരത്തിന്റെ ചികിത്സയും മടങ്ങിവരവും ഉറപ്പാക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. അതേസമയം ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ മുംബൈ തുടർച്ചയായ അഞ്ച് വിജയങ്ങളുമായി മടങ്ങിവരവിന്റെ പാതയിലാണ്. ഇന്ന് ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.















