ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ സമയ ഹൗസ് മാനേജർ തസ്തികകളിലേക്ക് ആളെ തിരയുകയാണ് കമ്പനി. എന്നാൽ ഇതിലെന്താണിത്ര അത്ഭുതമെന്നല്ലേ. ഹൗസ് മാനേജർ തസ്തികയുടെ ശമ്പളം തന്നെയാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്. 85 ലക്ഷം വാർഷിക ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് മാസം 7 ലക്ഷം രൂപ.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രീമിയർ ഡൊമസ്റ്റിക് സ്റ്റാഫിംഗ്, പ്രൈവറ്റ് റിക്രൂട്ട്‌മെന്റ് ബുട്ടീക്ക് ആയ റോയൽ മൈസൺ പങ്കിട്ട പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ളൈന്റുകളുടെ വീടുകൾ നോക്കി നടത്തലാണ് പ്രധാന ചുമതല. “ജോലി അവസരം: മുഴുവൻ സമയ ഹൗസ് മാനേജർ. അടിയന്തര നിയമനം: ദുബായിലും അബുദാബിയിലും ആസ്ഥാനമായുള്ള വിഐപികൾക്കായി ഞങ്ങൾക്ക് രണ്ട് ഹൗസ് മാനേജർമാരെ ആവശ്യമുണ്ട്. പ്രതിമാസം 30,000 ദിർഹം ശമ്പളം,” റോയൽ മെയ്സൺ പങ്കിട്ട വീഡിയോയുടെ അടികുറിപ്പിൽ പറയുന്നു.
ഏകദേശം 84 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലിയെക്കുറിച്ച് കൂടുതൽ വിവരങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒരു സ്വകാര്യ വീടിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ജീവനക്കാരുടെ മേൽനോട്ടം വഹിക്കുക, അറ്റകുറ്റപ്പണികൾ ഏകോപിപ്പിക്കുക, ഗാർഹിക ബജറ്റുകൾ കൈകാര്യം ചെയ്യുക, എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഹൗസ് മാനേജർമാരുടെ ജോലിയിൽ ഉൾപ്പെടും. നിലവിലെ ജോലി ഉപേക്ഷിച്ചായാലും ഹൗസ് മാനേജർ ജോലിക്ക് വരാൻ തയ്യാറാണെന്നാണ് പോസ്റ്റിന് ഉപയോക്താക്കളുടെ മറുപടി.