ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ കശ്മീർ സോനാമർഗിലെ ഇസഡ്-മോർഹ് തുരങ്കപാതയ്‌ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സോനാമർഗിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
2024 ഒക്ടോബറിലായിരുന്നു ഇസഡ് മോർഹ് തുരങ്കപാതയുടെ നിർമാണത്തിനിടെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ലഷ്കർ ഭീകരനും പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനുമായ സൈന്യം തെരയുന്ന ഹാഷിം മൂസയ്‌ക്ക് പങ്കുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരർ രണ്ട് കമ്പനി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരും ഇസഡ് മോർഹിൽ ഭീകരാക്രമണം നടത്തിയവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും രഹസ്യാന്വോഷണ സംഘം വ്യക്തമാക്കി. ഭീകരരിൽ ഒരാളായ ജുനൈദ് അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചിരുന്നു.
ആറ് പേരാണ് പഹൽഗാം ഭീകരാക്രമണം നടത്തിയതെന്ന് എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാല് പേർ പാകിസ്താനികളും രണ്ടുപേർ ജമ്മുവിലുള്ളവരുമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. സൈന്യം അനന്തനാഗിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.