റാഞ്ചി: എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവം നിസകരിപ്പിച്ചെന്ന പരാതിയിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ദിലീപ് ഝായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ നാഷണൽ സർവീസ് സ്കീം ക്യാമ്പിനിടെയായിരുന്നു സംഭവം.
കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശിവ്തരായ് ഗ്രാമത്തിൽ മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നുവരെയാണ് ക്യാമ്പ് നടന്നത്. ഇതിനിടെയാണ് ക്യാമ്പിലെ ഇതരമതസ്ഥരായ 159 വിദ്യാർത്ഥികളെ അദ്ധ്യാപകർ നിർബന്ധിച്ച് നിസ്കരിപ്പിച്ചത്. ഇതിൽ നാല് പേർ മാത്രമേ മുസ്‌ലിം മതവിശ്വാസികൾ ഉണ്ടായിരുന്നുള്ളുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. പിന്നാലെ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 26 ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ഇപ്പോൾ എട്ട് പേർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രഷ്മീത് കൗർ ചൗള പറഞ്ഞു.