വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. പാകിസ്താൻ സൈന്യത്തോട് ഏറ്റമുട്ടിയാൽ ഇന്ത്യൻ സൈനികർ പരാജയപ്പെടുമെന്നും പാകിസ്താൻ സൈന്യത്തിന് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അഫ്രീദിയുടെ പരാമർശം.
“ഞങ്ങൾക്ക് സ്നേഹ-വാത്സല്യങ്ങളോടെ ജീവിക്കണം. ഭീഷണിപ്പെടുത്തലൊന്നും വർക്കാകില്ല. ഏറെക്കാലമായി നമ്മൾ ഒരു യുദ്ധസമാനമായ അവസ്ഥയിലായിരുന്നു. പാകിസ്താന്റെ സായുധ സേനയ്‌ക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ഏത് ഏറ്റുമുട്ടലിലും ഇന്ത്യൻ സൈന്യം അവർക്ക് മുന്നിൽ പരാജയപ്പെടും.
ഞാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ഇന്ത്യക്കാരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ അവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത് ഞങ്ങൾക്കും മോദിയെകൊണ്ട് മടുത്തെന്നാണ്. കഴിഞ്ഞ ദിവസം വാഗ അതിർത്തിയിൽ പോയപ്പോൾ ഒരു ഇന്ത്യ സൈനികൻ അയാളുടെ മൊബൈലിൽ എന്റെ വീഡിയോ പകർത്തി. ഞങ്ങൾ പരസ്പരം കൈവീശി കാട്ടുകയും ചെയ്തു —-അഫ്രീദി ഒരു ടിവി പ്രോഗ്രാമിൽ പറഞ്ഞു.