മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം ഉയർത്തി യുവതി. രാജസ്ഥാനിലെ ജോദ്പൂരിലെ കുഡി ബഹ്ഗാത്സാനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയെടുപ്പും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. ശിവാലിക് ശർമ എന്ന യുവതാരത്തിനെതിരെയാണ് പരാതി. ഇയാളെ പൊലീസ് തെരയുകയാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സെക്ടർ 2 സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.
വഢോദരയിൽ നടക്കാൻ പോകുന്ന യുവതി 2023 ഫെബ്രുവരിയിലാണ് ശിവാലിക് ശർമയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നെ പ്രണയത്തിന് വഴിമാറി. ഫോണിൽ പതിവായി മണിക്കൂറുകൾ സംസാരിച്ചിരുന്നു. 2023 തന്നെ ഇരു കുടുംബങ്ങളും കാണുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർ പലപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
2024ൽ ശിവാലിക് തന്നെ ബറോഡയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായും മകന് വേറെ വിവാഹം നോക്കുന്നതായും പറയുകയായിരുന്നു.2024 ഐപിഎൽ മിനി ലേലത്തിലാണ് ശിവാലിക്കിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്ക് മുംബൈ വാങ്ങുന്നത്. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാനായില്ല. ക്രുനാൽ പാണ്ഡ്യ നായകനായ ബറോഡയുടെ താരമായിരുന്നു ശിവാലിക്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 1087 റൺസാണ് സമ്പാദ്യം.















