ന്യൂഡെല്‍ഹി: 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4,187.017 ബില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ജപ്പാന്റെ ജിഡിപിയായ 4,186.431 ബില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാണ്.
നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. വരും വര്‍ഷങ്ങളില്‍ ജര്‍മ്മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനും സാധ്യതയുണ്ട്. 2028 ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപി 5,584.476 ബില്യണ്‍ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ജര്‍മ്മനിയുടെ 5,251.928 ബില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാവും. 2027 ല്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും ജിഡിപി 5,069.47 ബില്യണ്‍ ഡോളറായിരിക്കുമെന്നും ഐഎംഎഫ് അനുമാനിക്കുന്നു.
2025 ലും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായി അമേരിക്കയും ചൈനയും തുടരും. ഈ ദശാബ്ദത്തിലുടനീളം ഇരു രാജ്യങ്ങളും ഈ റാങ്കിംഗ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2025 ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഐഎംഎഫ് അതിന്റെ പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ 6.2% ആയി കുറച്ചിട്ടുണ്ട്. ജനുവരിയിലെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച 6.5% എന്ന മുന്‍ പ്രവചനത്തില്‍ നിന്ന് ഇത് കുറവാണ്.















