ന്യൂഡൽഹി: ദേശവിരുദ്ധ ഉള്ളടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനു പൂട്ടിടാൻ ഉറച്ച് കേന്ദ്രസർക്കാർ. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടത്താനൊരുങ്ങുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വാർത്താവിനിമയ, ഐ.ടി വകുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന പാർലമെന്ററി പാനൽ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.ദേശവിരുദ്ധതയ്‌ക്ക് പ്രേരിപ്പിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്ത്, അത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ സർക്കാർ നിരോധിക്കും, കടുത്ത നിയമ നടപടിയും ഉണ്ടാകും.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെയും പ്ലാറ്റ്‌ഫോമുകളുടെയും ഇടപെടലിനെക്കുറിച്ച് ഇൻഫർമേഷൻ ടെക്‌നോളജിക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശക്തമായ ആശങ്കകൾ പ്രകടിപ്പിച്ചു. ഈ അക്കൗണ്ടുകളും സ്ഥാപനങ്ങളും രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതായും അവയുടെ ഉള്ളടക്കത്തിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും ഫലപ്രദവുമായ നടപടി വേഗം സ്വീകരിക്കാൻ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ആശയവിനിമയ, വിവര സാങ്കേതിക വിദ്യ സ്റ്റാൻഡിങ് കമ്മിറ്റി,പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യം അതീവ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം നൽകിയത്.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വ്യവസ്ഥകളും 2021-ലെ ഇൻഫർമേഷൻ ടെക്നോളജി ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും പ്രകാരം അത്തരം പ്ലാറ്റ്‌ഫോമുകളും അക്കൗണ്ടുകളും നിരോധിക്കാനും , അവയുടെ ഉടമകൾക്കെതിരെ എടുക്കാൻ ആലോചിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ദോഷകരമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ചതോ നിർദ്ദേശിച്ചതോ ആയ നടപടികൾ വിശദീകരിക്കുന്ന സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയങ്ങൾക്ക് 2025 മെയ് 8 വരെ കമ്മിറ്റി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രകോപനങ്ങൾക്കോ ദേശീയ സുരക്ഷയ്‌ക്ക് ഹാനികരമായ പ്രവർത്തനങ്ങൾക്കോ ഉള്ള ഒരു മാധ്യമമായി മാറുന്നില്ലെന്ന് ഉറപ്പാക്കണം എന്നും നിർദേശമുണ്ട്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്‌ക്കുക തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ഇറക്കി.
പഹൽഗാം ഭീകരാക്രമണത്തെ രാഷ്‌ട്ര വിരുദ്ധമായി വ്യാഖ്യാനിച്ചതിന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെ ഇതുവരെ എഫ്.ഐ.ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, മന്ത്രി അബ്ദുള്ള തരാർ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവരുൾപ്പെടെ നിരവധി പാകിസ്ഥാൻ രാഷ്‌ട്രീയ നേതാക്കളുടെ എക്സ് ഹാൻഡിലുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു.
ഡോൺ ന്യൂസ്, ഇർഷാദ് ഭാട്ടി, സാമ ടി.വി, എ.ആർ.ഐ ന്യൂസ്, ബി.ഒ.എൽ ന്യൂസ്, റാഫ്താർ, ദി പാകിസ്ഥാൻ റഫറൻസ്, ജിയോ ന്യൂസ്, സമാ സ്‌പോർട്‌സ്, ജി.എൻ.എൻ, ഉസൈർ ക്രിക്കറ്റ്, ഉമർ ചീമ എക്‌സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫാറൂഖ്, സുനോ ന്യൂസ്, റാസി നാമ എന്നിവ ഉൾപ്പെടെ നിരവധി പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്.