ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞവരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യയും. കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 11 പന്തുകൾ എറിഞ്ഞാണ് മുംബൈ ക്യാപ്റ്റൻ തന്റെ ദൈർഘ്യമേറിയ ഓവർ പൂർത്തിയാക്കിയത്. രണ്ട് നോ-ബോളുകളും മൂന്ന് വൈഡ് ഡെലിവറികളും ഇതിൽ ഉൾപ്പെടുന്നു. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഹാർദിക് എറിഞ്ഞ എട്ടാം ഓവറിൽ അടിച്ചെടുത്തത് 18 റൺസ്.
ഐപിഎൽ ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിയുന്ന അഞ്ചാമത്തെ കളിക്കാരനാണ് ഹാർദിക്. മുഹമ്മദ് സിറാജ് , തുഷാർ ദേശ്പാണ്ഡെ , ഷാർദുൽ താക്കൂർ , സന്ദീപ് ശർമ്മ എന്നിവരുടെ റെക്കോർഡിനൊപ്പമാണ് ഹാർദിക്കുമെത്തിയിരിക്കുന്നത്.
ഹാർദിക്കിന്റെ കഷ്ടകാലം പന്തിൽ മാത്രം ഒതുങ്ങിയില്ല. ആദ്യ ഇന്നിംഗ്‌സിൽ 105-4 എന്ന നിലയിൽ തകർന്ന മുംബൈയ്‌ക്കായി 12-ാം ഓവറിൽ ക്രീസിലെത്തിയ ഹാർദിക്കിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പരിചയസമ്പന്നനായ ഓൾറൗണ്ടർ സായ് കിഷോറിന്റെ പന്തിൽ മുട്ടുകുത്തി നിന്ന് സ്ലോഗ് സ്വീപ്പിന് ശ്രമിക്കവേ സ്ലിപ്പിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. മൂന്ന് പന്തിൽ നിന്നും വെറും ഒരു റൺസുമാത്രമാണ് മുംബൈ ക്യാപ്റ്റന് നേടാനായത്.