ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാക് സർക്കാർ. തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതായി പാക് സർക്കാർ അറിയിച്ചതായി അവിടത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ആക്രമണത്തിന് ഒരുങ്ങുന്നത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തിരിച്ചടിക്കാൻ നിർദേശം നൽകിയത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ പാകിസ്താൻ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികള്‍ക്ക് അധികൃതർ നിർദേശവും നല്‍കി.
26 സിവിലിയൻസിനെ കൊലപ്പെടുത്തിയെന്നാണ് പാകിസ്താൻ വാദം. കൃത്യ സമയത്ത് പ്രതികരിക്കാനുള്ള അവകാശം പാകിസ്താനുണ്ട്. പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ അന്തസ്സിനും പരമാധികാരത്തിനും കളങ്കമുണ്ടായാൽ ഒരു വിട്ടുവീഴ്ചകൾക്കും തയാറാവില്ലെന്നും സൈന്യം അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകള്‍ പാകിസ്താൻ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു.