ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കുള്ള പിന്തുണ പാകിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ സിന്ധു നദീജല ഉടമ്പടി നിർത്തിവയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദങ്ങൾ അദ്ദേഹം തള്ളി. ഇന്ത്യയുടെ നയം പല ലോക രാഷ്‌ട്രങ്ങളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകാമെന്നും എന്നാൽ ആരും തന്നെ മധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
അമേരിക്ക് നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ല. സംഘർഷം തീർക്കാൻ ഇന്ത്യയെ ആദ്യം സമീപിച്ചത് പാകിസ്താനാണ്. ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് അവർ സൈനിക നീക്കം നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്കർ ഇ തൊയ്‌ബയുടെ പോഷക സംഘടനയായ ടിആർഎഫിനെ ഭീകര സംഘാടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെടുമെന്നും ടിആർഎഫിന്റെ ഭീകര ബന്ധം വെളിവാക്കുന്ന കൂടുതൽ തെളിവുകൾ കൈമാറുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.















