ശ്രീനഗർ: പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യാൻ ജമ്മു കശ്മീരിലെ ശ്രീനഗറിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള പ്രതിരോധമന്ത്രിയുടെ ആദ്യത്തെ കശ്മീർ സന്ദർശനമാണിത്.
ശ്രീനഗറിൽ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിയെ വിമാനത്താവളത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സ്വീകരിച്ചു. സന്ദർശന വേളയിൽ, പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ബദാമി ബാഗ് കന്റോൺമെന്റിലും അദ്ദേഹമെത്തി. താമസിയാതെ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും വെടിനിർത്തലിന് ശേഷമുള്ള കശ്മീരിലെ സ്ഥിഗതികൾ അവലോകനം ചെയ്യുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന അതിർത്തി സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് രാജ്നാഥ് സിംഗിന്റെ സന്ദർശനം. പ്രതിരോധമന്ത്രിക്ക് പുറമേ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സൈനിക മേധാവികൾ, വിദേശകാര്യ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.