മുൻ സൈനികനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഭാര്യ. യുപിയിലെ ബലിയിലാണ് നടുക്കുന്ന ക്രൂരത. ആറു കഷ്ണങ്ങളാക്കി മൃതദേഹം ആറിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ദേവേന്ദ്ര കുമാർ എന്ന വിമുക്ത ഭടനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ മായാദേവിയും(50) കാമുകൻ അനിൽ യാദവും(26) ചേർന്നാണ് ദേവേന്ദ്ര കുമാറിനെ കൊലപ്പെടുത്തിയത്. സൈന്യത്തിലെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ വിഭാഗത്തിലാണ് ദേവേന്ദ്ര കുമാർ ജോലി ചെയ്തിരുന്നത്. ഭാര്യ ബഹദൂർപൂർ സ്വദേശിയാണ്.
ഇരു പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകത്തിന് സഹായിച്ച സതീഷ് യാദവ്, മിഥിലേഷ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. മെയ് 10നാണ് ഖരീദ് വില്ലേജിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ ലഭിക്കുന്നത്. അറുത്തുമാറ്റിയ കൈകാലുകളായിരുന്നു ഇവ. രണ്ടുദിവസത്തിന് ശേഷം സമീപത്തെ കിണറ്റിൽ നിന്ന് ശരീരത്തിന്റെ മധ്യ ഭാഗവും ലഭിച്ചു. തല കണ്ടെത്താൻ നദികളിലും തെരച്ചിൽ നടത്തിയെങ്കിലും ലഭിച്ചില്ല.
അതേസമയം മായാവേദി ഭാർത്താവിനെ കാണാനില്ലെന്ന ഒരു പരാതി 10ന് പൊലീസിന് നൽകിയിരുന്നു. മകളെ വിളിക്കാൻ ബക്സർ റെയിൽവേ സ്റ്റേഷനിലേക്ക് പോയ ഭർത്താവ് തിരികെ വന്നില്ലെന്നായിരുന്നു പരാതി. തുടർന്നുള്ള അന്വേഷണത്തിൽ ലഭിച്ച ശരീരഭാഗങ്ങളുടെ പരിശോധനയിൽ കൊല്ലപ്പെട്ടത് ദേവേന്ദ്രകുമാറാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ഇവർ കൊലപാതകം സമ്മതിച്ചു. ശേഷിക്കുന്നവരെയും പൊലീസ് പിടികൂടുകയായിരുന്നു. ദേവേന്ദ്രകുമാറിന്റെ തല ഘാഗ്ര നദിയിലെറിഞ്ഞെന്ന് പ്രതികൾ സമ്മതിച്ചു. ഇത് കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു.