ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള വിദേശപര്യടന പ്രതിനിധി സംഘത്തിലേക്കുള്ള മോദി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എം പി ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ഒരുപാട് അഭിമാനമുണ്ടെന്നും ഈ ക്ഷണം ഒരു ബഹുമതിയായി തോന്നുന്നുവെന്നും ശശി തരൂർ പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.
അടുത്തകാലത്തായി നമ്മുടെ രാജ്യത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അഞ്ച് പ്രധാന രാഷ്‌ട്രങ്ങളോട് വിശദമാക്കാനുള്ള സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എനിക്ക് ബഹുമാതിയായി തോന്നുന്നുവെന്ന് ശശി തരൂർ എക്സിൽ കുറിച്ചു.
കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് നാല് പേരുടെ ലിസ്റ്റ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന് നൽകിയിരുന്നെന്നും എന്നാൽ അതിൽ ശശി തരൂറിന്റെ പേര് ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുലിന്റെ വാദം.
“ഭീകരതയ്‌ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ല” എന്ന രാജ്യത്തിന്റെ ശക്തമായ സന്ദേശം ലോകത്തിന് മുന്നിൽ അറിയിക്കാൻ ചുമതലപ്പെടുത്തിയ ഏഴ് എംപിമാരിൽ ഒരാളാണ് ശശി തരൂർ. ബിജെപിയിൽ നിന്ന് രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിൽ നിന്ന് സഞ്ജയ് കുമാർ, ശിവസേനയിൽ നിന്ന് ശ്രീകാന്ത് ഷിൻഡെ, ഡിഎംകെയിൽ നിന്ന് കനിമൊഴി, എൻസിപിയിൽ നിന്ന് സുപ്രിയ സുലെ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.