കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ സംഘം പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് രാജ്കുമാർ കഴിഞ്ഞത്.
ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലാണ് എൻഐഎ സംഘം പ്രതിയുടെ താമസ സ്ഥലത്ത് എത്തിയത്. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായാണ് എത്തിയതെന്ന് പറഞ്ഞ് ഓരോ തൊഴിലാളിയുടെയും തിരിച്ചറിയൽ കാർഡ് ആവശ്യപ്പടുകയായിരുന്നു. കേരള പൊലീസ് അറിയിക്കാതെയായിരുന്നു അന്വേഷണ ഏജൻസിയുടെ നീക്കം. ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ . ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് ആളെ തിരിച്ചറിയാൻ സഹായകമായി. ദിവസങ്ങളായി എൻഐഎ നിരീക്ഷണത്തിലായിരുന്നു പ്രതി.
സോഷ്യൽ മീഡിയ പരസ്യം കണ്ട് നാല് ദിവസം മുൻപാണ് ഇയാൾ ഹോട്ടലിൽ ജോലിക്കായി എത്തിയത്. ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. ബെംഗളൂരുവിൽ നിന്നും വരുന്നു എന്നാണ് ഇയാൾ ഹോട്ടലുടമകളോട് പറഞ്ഞിരുന്നത്. . എന്നാൽ മാസങ്ങളായി ഇയാൾ കേരളത്തിലുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിൽ ജോലി ചെയ്ത ശേഷമാണ് ഇയാൾ തലശ്ശേരിയിൽ എത്തിയത്.
ഇയാളിൽ നിന്നും വ്യാജ പാസ്പോർട്ട് പിടിച്ചെടുത്തതായാണ് വിവരം. തിരൂരിൽ നിന്നുള്ള ഏജൻസി വഴി രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിലാണ് ഹോട്ടലിൽ ജോലിക്ക് കയറിയത്.