ധാക്ക : ബംഗ്ലാദേശിൽ അറസ്റ്റിലായ നടി നുസ്രത്ത് ഫാരിയയെ കോടതി ജയിലിലേക്ക് അയച്ചു. അവരുടെ ജാമ്യാപേക്ഷ മെയ് 22 ന് പരിഗണിക്കും.
തായ്‌ലൻഡിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ പോലീസ് ഇന്നലെ അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
കൊലപാതകശ്രമക്കേസിലാണ് ധാക്ക കോടതി നുസ്രത്ത് ഫാരിയയെ ജയിലിലേക്കയച്ചത്. അവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ ജാമ്യ ഹർജി സമർപ്പിച്ചു. എന്നാൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അവരെ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. വാദം കേൾക്കുന്നതിനിടെ മെട്രോപൊളിറ്റൻ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർത്തു. തുടർന്ന് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനായി കോടതി കേസ് മെയ് 22 ലേക്ക് മാറ്റി.
ഇന്നലെ ഇമിഗ്രേഷൻ പോലീസ് നുസ്രത്ത് ഫാരിയയെ കസ്റ്റഡിയിലെടുത്ത ശേഷം വതാര പോലീസ് സ്റ്റേഷനിലേക്കും തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഡിറ്റക്ടീവ് ബ്രാഞ്ച് (ഡിബി) ഓഫീസിലേക്കും കൊണ്ടുപോയി.
ഷെയ്ഖ് ഹസീനയെ അട്ടിമറിക്കുന്നതിനായി മുസ്‌ലിം തീവ്രവാദികൾ നടത്തിയ കലാപത്തിനിടെ വതാര പ്രദേശത്ത് നടന്ന ഒരു കൊലപാതകശ്രമക്കേസിൽ നുസ്രത്ത് ഫാരിയ, അഭിനേതാക്കളായ അപു ബിശ്വാസ്, നിപുൻ അക്തർ, അഷ്‌ന ഹബീബ് ഭാബ്‌ന, സായിദ് ഖാൻ എന്നിവരും മറ്റ് 12 പേരും പ്രതി ചേർക്കപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മറ്റ് 283 പേരെയും ഇതേ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അവാമി ലീഗിന് ധനസഹായം നൽകിയെന്ന കേസിൽ നുസ്രത്ത് ഫാരിയ കുറ്റാരോപിതയായിരുന്നു.
2023ല്‍ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ മുജിബ്; ദി മേക്കിങ് ഓഫ് എ നേഷന്‍’ എന്ന സിനിമയിലാണ് നുസ്രാത് ഫരിയ ഷെയ്ഖ് ഹസീനയായി അഭിനയിച്ചത്. ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.