ന്യൂഡൽഹി: മകൾക്ക് പാകിസ്താനിലുള്ളവരുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്ന് പാക് ചാര ജ്യോതി മൽഹോത്രയുടെ പിതാവ്. ജ്യോതി പാകിസ്താനിലേക്ക് പോയ വിവരം തനിക്ക് അറിയില്ലായിരുന്നെന്നും ഒരിക്കലും മകളിൽ സംശയം തോന്നിയിരുന്നില്ലെന്നും പിതാവ് ഹരീഷ് മൽഹോത്ര പറഞ്ഞു.
“കൊവിഡിന് മുമ്പ് മകൾ ഡൽഹിയിൽ ജോലി ചെയ്തിരുന്നു. പക്ഷേ ലോക്ഡൗൺ സമയത്ത് ഇവിടേക്ക് വന്നു. പിന്നീട് ഇടയ്‌ക്കിടയ്‌ക്ക് ഡൽഹിയിലേക്ക് പോകും. തെറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നിയിട്ടില്ല. പാകിസ്താനിലേക്ക് പോയ കാര്യം അറിഞ്ഞിരുന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ഇത്തരം തെറ്റുകൾ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ ഒരിക്കലും ഞാൻ വെറുതെവിടില്ലായിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണമെന്നും” ഹരീഷ് പറഞ്ഞു.
ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന വ്യക്തിയാണ് ജ്യോതി. പാകിസ്താന് പിന്തുണക്കുന്നതിനായി ഇവർ യൂട്യൂബ് ചാനലും ഉപയോഗിച്ചിരുന്നു. ഇന്ത്യയുടെ സൈനിക നീക്കങ്ങളെ കുറിച്ചും പ്രധാന വിവരങ്ങളെ കുറിച്ചും ജ്യോതി പാക് രഹസ്യാന്വേഷണ ഏജൻസിക്ക് ചോർത്തികൊടുത്തിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജ്യോതി നിരവധി തവണ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.