ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് കടുത്ത മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കുന്ന ഗാനം പുറത്തിറങ്ങി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ കുറിച്ചും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ കുറിച്ചും പറയുന്ന ഗാനമാണ് ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ദേശസ്നേഹവും ഇന്ത്യൻ സേനയ്‌ക്കുള്ള അഭിവാദ്യവും പ്രകടമാകുന്ന വരികളും ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്.
ബിജെപി എം പി മനോജ് തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 5.25 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഗാനത്തിൽ പഹൽഗാംഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളും പാക് സൈന്യത്തിന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻസേന തകർത്തെറിയുന്നതും വീഡിയോയിൽ കാണാം.
30 लाख सैनिक के पीछे, 150 करोड़ हिंदुस्तानी,
नाप देंगे जब चाहेंगे, दुश्मन में कितना है पानी!निशानी देख लो, ये निशानी…
कहानी हो गई है, शुरू कहानी!#OperationSindoor जारी है… 🇮🇳 pic.twitter.com/IcqsUSXpWd— BJP (@BJP4India) May 19, 2025
കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേനകളുടെ ശക്തിയും മനോവീര്യവും ഈ ഗാനം ചിത്രീകരിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ശത്രുക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ പ്രതിരോധിക്കാൻ തയാറാണെന്നും ഗാനം എടുത്തുകാണിക്കുന്നു.
“30 ലക്ഷം സൈനികർക്ക് പിന്നിൽ 150 കോടി ഭാരതീയരുണ്ട്. കഥ തുടങ്ങിയിട്ടേയുള്ളൂ’ -എന്നാണ് ഗാനത്തിന്റെ ആദ്യവരികൾ. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുന്ന പെൺകരുത്ത് കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരും വീഡിയോയിലുണ്ട്.