ഐപിഎല്ലിൽ രാജസ്ഥനായി ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ ഈ സീസൺ അവസാനിപ്പിച്ചെങ്കിലും 31 പന്തിൽ നിന്ന് 41 റൺസ് നേടി സഞ്ജു ടീമിനായി അവിസ്മരണീയമായ ഒരിന്നിംഗ്സ് കാഴ്ചവച്ചു.
തന്റെ ഇന്നിംഗ്സിലൂടെ ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാനു വേണ്ടി 4000 റൺസ് നേടുന്ന ആദ്യ കളിക്കാരനായി മാറുകയും ചെയ്തു. ജോസ് ബട്ലറും സഞ്ജുവും മാത്രമാണ് രാജസ്ഥാനുവേണ്ടി ഐപിഎല്ലിൽ 3000 ൽ കൂടുതൽ റൺസ് നേടിയ കളിക്കാർ. രാജസ്ഥാൻ റോയൽസിന് വേണ്ടി എല്ലാ മത്സരങ്ങളിലുമായി 4000 റൺസ് നേടിയ ഏക കളിക്കാരൻ കൂടിയാണ് സാംസൺ. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 2013 ലെ ചാമ്പ്യൻസ് ലീഗിൽ അവർ ഫൈനലിലെത്തിയപ്പോഴും അദ്ദേഹം കളിച്ചിട്ടുണ്ട്.
രാജസ്ഥനായി ഇതുവരെ 150 ഇന്നിംഗ്‌സുകളിൽ നിന്ന് 31.96 ശരാശരിയിൽ 4219 റൺസ് സഞ്ജു നേടിയിട്ടുണ്ട്. ഐപിഎൽ കരിയറിൽ 72 ഇന്നിംഗ്‌സുകളിൽ നിന്ന് 30.94 ശരാശരിയിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 4704 റൺസ്. ഡൽഹി ഡെയർഡെവിൾസിനായി ഒരു സെഞ്ച്വറി ഉൾപ്പെടെ നേടിയ 677 റൺസും ഇതിലുണ്ട്. 2013 ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. അന്നുമുതൽ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. 2021 സീസണിന് മുൻപാണ് ടീമിന്റെ ക്യാപ്റ്റനായി താരത്തെ നിയമിക്കുന്നത്. എന്നിരുന്നാലും, റോയൽസ് ലീഗിൽ ഇല്ലാതിരുന്ന 2016 ലും 2017 ലും അദ്ദേഹം ഡൽഹിക്ക് വേണ്ടി കളിച്ചു. 2018 ൽ തിരിച്ചെത്തിയപ്പോൾ, മെഗാ ലേലത്തിൽ ആർആർ സാംസണെ വീണ്ടും സ്വന്തമാക്കി.