അയൽവാസികളുടെ മേൽ ഭർത്താവിന്റെ കൊലപാതകം കെട്ടിവയ്‌ക്കാൻ ശ്രമിച്ച ഭാര്യ ഒടുവിൽ പൊലീസ് പിടിയിൽ. സത്യം എത്ര മൂടിവയ്‌ക്കാൻ ശ്രമിച്ചാലും ഒരിക്കൽ മറനീക്കി പുറത്തുവരും എന്ന ചൊല്ലിന്റെ ഏറ്റവും വലിയ ഉദാഹരണമായി യുപിയിലെ കാൺപൂരിലെ ധീരേന്ദ്രയുടെ കൊലപാതകം. ഭാര്യ റീനയും ധീരേന്ദ്രയുടെ മരുമകൻ(ബന്ധു) സതീഷുമാണ് പിടിയിലായത്. ഇവരുടെ വിവാഹേതര ബന്ധം ധീരേന്ദ്ര അറിഞ്ഞതിന് പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.
കാൺപുരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തിൽ മേയ് 11നാണ് അരുംകൊല അരങ്ങേറിയത്. ട്രാക്ടർ ഡ്രൈവറായ ധീരേന്ദ്ര ഭാര്യയുടെ വിവാഹതേര ബന്ധത്തിൽ സംശയം പ്രകടിപ്പിക്കുകയും ഇത് വിലക്കുകയും ചെയ്തു.വീട്ടിൽ സിസിടിവി സ്ഥാപിക്കാനും ആലോചിച്ചു. ബന്ധം വെളിപ്പെടുമെന്നായതോടെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ഒരു ദിവസം റീന ഭർത്താവിന് കഴിക്കാനുള്ള ഭക്ഷണത്തിൽ ഉറക്കഗുളികൾ കലർത്തി നൽകി. ധീരേന്ദ്ര മയങ്ങിയെന്ന് ഉറപ്പാക്കി കാമുകനെ വിളിച്ചുവരുത്തി. ശേഷം തടികഷ്ണം കൊണ്ട് ഇവർ ധീരേന്ദ്രയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിനെ വഴിതിരിക്കാൻ റീന ഒരു കഥയും മെനഞ്ഞുണ്ടാക്കി. നേരത്തെ അയൽവാസികളുമായി ധീരേന്ദ്രയ്‌ക്ക് തർക്കമുണ്ടായിരുന്നു. ഇത് ലാക്കാക്കി അവരാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന ഒരു കഥ ഇവർ മെനഞ്ഞു. രാഷ്‌ട്രീയ പാർട്ടികളെയും ഇടപെടുത്തി. സമ്മർദ്ദം താങ്ങാതെ പൊലീസ് നിരപരാധികളെ പിടികൂടുകയും ചെയ്തു.
എന്നാൽ സംശയം മാറാത്ത പൊലീസ് ഈ കേസ് വിശദമായി അന്വേഷിച്ചതോടെയാണ് യഥാർത്ഥ പ്രതികളെ പിടികൂടുന്നത്. ഫോറൻസിക്കിന്റെ കണ്ടെത്തലുകൾ പ്രതികളെ വെളിച്ചത്തുകൊണ്ടുവന്നു. റീനയുടെ വാദത്തിൽ കാെല നടന്നത് വീടിന് പുറത്തായിരുന്നു. എന്നാൽ വീടിനകത്ത് രക്തക്കറ കണ്ടെത്തിയതാണ് വഴിത്തിരിവായത്. റീനയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെ അമ്പതിലേറെ തവണ ഇവർ സതീഷിനെ വിളിച്ചതിനും തെളിവ് ലഭിച്ചു. ഇവരുടെ ഫോണിൽ നിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെടുത്തു.