മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന നിർണായക മത്സരത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പർ താരം കെ.എൽ രാഹുലിന് പരിക്കേറ്റെന്നാണ് സൂചന. താരം വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടീമോ താരമോ പരിക്കിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. മുകേഷ് കുമാറിന്റെ പന്ത് കാൽമുട്ടിലിടിച്ചാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം.
ഇതിനെ തുടർന്ന് രാഹുൽ പരിശീലനം പകുതിക്ക് വച്ച് നിർത്തി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയെന്നും സ്പോർട്സ് ടാക്ക് റിപ്പോർട്ട് ചെയ്യുന്നു. മുംബൈക്ക് എതിരെയുള്ള ഇന്നത്തെ മത്സരം ജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫിനെക്കുറിച്ച് ചിന്തിക്കാനാകൂ. തോറ്റാൽ പ്ലേ ഓഫ് കാണാതെ അക്സർ പട്ടേലിനും സംഘത്തിനും പെട്ടി മടക്കാം. ടൂർണമെന്റിൽ ഡൽഹിക്ക് നല്ല തുടക്കമാണ് ലഭിച്ചത്.
എന്നാൽ പിന്നീട് അങ്ങോട്ട് അവർക്ക് ആ ഫോം തുടരാനായില്ല. 12 മത്സരങ്ങളിൽ നിന്ന് ആറു വിജയം മാത്രമാണ് നേടാനായത്. അവസാന മത്സരത്തിൽ ഗുജറാത്തിനോട് പത്തു വിക്കറ്റിന് തോൽക്കുകയും ചെയ്തു. ഗുജറാത്തിനെതിരെ ഓപ്പണറായി സ്ഥാന കയറ്റം കിട്ടിയ രാഹുൽ സെഞ്ച്വറി നേടിയിരുന്നു.