ബെയ്ജിംഗ്: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബുധനാഴ്ച ബെയ്ജിംഗില്‍ നടന്ന അനൗപചാരിക ത്രിരാഷ്‌ട്ര യോഗത്തിലാണ് തീരുമാനമുണ്ടായത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നയതന്ത്ര ഇടപെടലുകളും അതത് രാജ്യങ്ങളിലെ വ്യാപാരം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും മൂന്ന് വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
‘പാകിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്‌ക്കും വികസനത്തിനും വേണ്ടി ഒരുമിച്ച് നില്‍ക്കുന്നു.’ എന്നാണ് യോഗത്തിന് ശേഷം എക്സിലെ ഒരു പോസ്റ്റില്‍ പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞത്. ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് ദാര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയത്.
സിപിഇസി
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആര്‍ഐ) ഭാഗമാണ് പാക് അധീക കശ്മീരിലൂടെ (പിഒകെ) കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. തെക്കുകിഴക്കന്‍ ഏഷ്യയിലെ തീരദേശ രാജ്യങ്ങളിലെ വ്യാപാര പാതകള്‍ പുതുക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
ഇന്ത്യയുടെ ചെക്ക്
ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. പിഒകെയിലൂടെ റോഡ് പദ്ധതി നടപ്പാക്കുന്നത് പരമാധികാരത്തിലും രാജ്യത്തിന്റെ അഖണ്ഡതയിലുമുള്ള കൈകടത്തലായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയെ കരയിലൂടെ വളയാനുള്ള ചൈനീസ് ശ്രമം എന്ന നിലയില്‍ ബിആര്‍ഒ പദ്ധതിയെ തന്നെ പൊതുവെ സംശയദൃഷ്ടിയോടെയാണ് ന്യൂഡെല്‍ഹി വിലയിരുത്തുന്നത്. അയല്‍രാജ്യങ്ങളെ ചാക്കിട്ടു പിടിക്കാനും കടക്കെണിയില്‍ കുരുക്കി വലയിലാക്കാനും ഇന്ത്യക്കെതിരെ ഉപയോഗിക്കാനുമുള്ള ചൈനീസ് ശ്രമങ്ങളെ നാളുകളായി ഇന്ത്യ ചെറുത്തുപോരുന്നുണ്ട്.
താലിബാന്‍ സൗഹൃദം
അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാനുമായി അടുത്തിടെ ഇന്ത്യ സൗഹൃദം വര്‍ധിപ്പിച്ചു വരികയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞയാഴ്ച താലിബാന്‍ വിദേശകാര്യ മന്ത്രി മുത്താക്കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇറാനിലെ ഛബഹാര്‍ തുറമുഖം വഴി അഫ്ഗാന് സഹായം നല്‍കുന്നത് ഇന്ത്യ തുടരുന്നു. പാകിസ്ഥാനും ചൈനക്കും എതിരായുള്ള തന്ത്രപരമായ സൗഹൃദമാണ് ഇന്ത്യ താലിബാനുമായി ഉണ്ടാക്കി വരുന്നത്.
ഇന്ത്യയുടെ നീക്കം തിരിച്ചറിഞ്ഞു തന്നെയാണ് പാകിസ്ഥാനും ചൈനയും സിപിഇസി പ്രലോഭനവുമായി താലിബാന് പിന്നാലെ കൂടിയിരിക്കുന്നത്. എന്നാല്‍ സിന്ധിലും ബലൂചിസ്ഥാനിലും പാക്-ചൈന വികാരം ശക്തമായിരിക്കെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ചൈനയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ബലൂചിസ്ഥാന്‍, സിന്ധ് മേഖലയിലെ ജനങ്ങള്‍ പദ്ധതിയെ കാണുന്നത്. സിപിഇസിയിലെ ചൈനീസ് ജോലിക്കാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പദ്ധതിക്ക് കാവല്‍ നില്‍ക്കുന്ന പാക് സുരക്ഷാസൈനികര്‍ക്കും നേരെ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.