ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 30-കാരിയുടെ പേരും ചിത്രങ്ങളുമാണ് ഇവർ ദുരുപയോഗം ചെയ്ത് അക്കൗണ്ട് തുടങ്ങിയത്. അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി ചിത്രീകരിക്കുകയും അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംശയ രോഗിയായ ഭാര്യയിലേക്ക് എത്തിയത്.
2023-ലാണ് പ്രതിയുടെ വിവാഹം കഴിയുന്നത്. നംഗ്ലോയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് 26-കാരി വിവാഹം ചെയ്തത്. 30-കാരിക്കൊപ്പമുള്ള യുവാവിന്റെ ഫോട്ടോ കണ്ട ഇവർ ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചു . അതുപക്ഷേ വിവാഹത്തിന് മുൻപുള്ള ചിത്രമായിരുന്നു. എന്നാൽ ഭർത്താവും 30-കാരിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ ഇവർ അവിഹിതം ഉറപ്പിച്ചു.
ഭർത്താവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലോഗിൻ ചെയ്ത യുവതി 30-കാരിക്ക് അശ്ലീല സന്ദേശമിട്ടു. ഇതോടെ അവർ യുവാവിനെ ബ്ലോക്ക് ചെയ്തു. തുടർന്ന് 30-കാരിയുടെ വ്യാജ അക്കൗണ്ട് നിർമിക്കുകയായിരുന്നു ഇവർ. തുടർന്ന് 30-കാരിയുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ശേഷം യുവതിയുടെ സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകി അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച്, അക്കൗണ്ട് കൂടുതൽ വിശ്വാസ യോഗ്യമാക്കി. തുടർന്ന് ഭർത്താവിന് വീണ്ടും വ്യാജ അക്കൗണ്ടിൽ നിന്ന് ഫോളോ റിക്വസ്റ്റ് അയച്ചു. ഭർത്താവ് ഇത് സ്വീകരിക്കുമോ എന്ന് നോക്കിയിരിക്കെയാണ് പൊലീസ് പിടികൂടുന്നത്. അതേസമയം പൊലീസ് ചോദ്യം ചെയ്യലിൽ വ്യാജ അക്കൗണ്ടിനെക്കുറിച്ചോ യുവതി ബ്ലോക്ക് ചെയ്തതിനെക്കുറിച്ചോ യുവാവിന് അറിവുണ്ടായിരുന്നില്ലെന്ന് വ്യക്തമായി.