ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ച സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപികയെ സഹായിച്ച ജുവനൈൽ പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകനായ ശാന്തനു അരവിന്ദ് ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. 24-കാരിയായ നിധി ദേശ്മുഖാണ് പിടിയിലായത്. ഇവർ അതേ സ്കൂളിലെ പ്രിൻസിപ്പല്ലാണ്. ശാന്തനുവിന്റെ മദ്യപാനമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ചൗസാല വനത്തിലെത്തിച്ചാണ് ഇവർ മൃതദേഹം കത്തിക്കാൻ ശ്രമിച്ചത്. മുംബൈയിലെ യവത്മാള ജില്ലയിലാണ് സംഭവം. മേയ് 15-നാണ് പാതിവെന്ത ഒരാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ദിവസങ്ങൾക്കുള്ളിൽ യവത്മാള പൊലീസിലെ ക്രൈം ബ്രാഞ്ച് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി തെളിവ് നശിപ്പിക്കാനും ശ്രമിച്ചിരുന്നു.
മൃതദേഹം കിട്ടിയ ശേഷം ഇത് ആരുടേതാണെന്ന് തിരിച്ചറിയുന്നതായിരുന്നു പൊലീസിന്റെ ആദ്യ കടമ്പ. ഇത് ശാന്തനുവിന്റേതാണ് മനസിലാക്കിയ പൊലീസ് അന്വേഷണം വേഗത്തിലാക്കി. സംശയം ശാന്തനുവിന്റെ ഭാര്യ നിധിയുടെ നേരെയായി. ആദ്യം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച അവർ കടുത്ത ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. മേയ് 13-നാണ് ഇവർ ശാന്തനുവിനെ വിഷം നൽകി കൊലപ്പെടുത്തുന്നത്. ട്യൂഷൻ വിദ്യാർത്ഥികളെ വൈകാരികമായി അടുപ്പിച്ച് ഒപ്പം നിർത്തി. മൃതദേഹം വനത്തിൽ ഒളിപ്പിച്ചെങ്കിലും ആളെ തിരിച്ചറിയുമെന്ന് കണ്ടാണ് വീണ്ടുമെത്തി നാലുപേരും ചേർന്ന് കത്തിച്ചത്. അന്വേഷണത്തിൽ പ്രതിയുടെയും വിദ്യാർത്ഥികളുടെയും ഫോൺ രേഖകൾ നിർണായക തെളിവായി.