തിരുവനന്തപുരം : ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. പ്രതി സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ചാറ്റാണ് പൊലീസ് കണ്ടെടുത്തത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
സുകാന്ത് ഒളിവിൽ പോകുന്നതിന്റെ തലേദിവസം തങ്ങിയിരുന്ന ഹോട്ടലിൽ നിന്നും ലഭിച്ച ഐഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ കണ്ടെടുത്തത്. യുവതിയോട് പോയി ചാകൂവെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കണമെന്നും പ്രതി പറയുന്നുണ്ട്.
“എനിക്ക് നിന്നെ വേണ്ട, നീ ഒഴിഞ്ഞുപോയാൽ മാത്രമേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ, നീ ചാകണം”- എന്നിങ്ങനെയാണ് സുകാന്ത് യുവതിയോട് പറഞ്ഞത്. സുകാന്തിന്റെ ബന്ധുവിന്റെ ഹോട്ടലിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഈ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്.
യുവതിയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ ആത്മഹത്യാപ്രേരണ, ബലാത്സംഗകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവതി മരിച്ച് രണ്ട് മാസം പിന്നിട്ടുട്ടും പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.