അഹമ്മദാബാദ്: അതിർത്തി സുരക്ഷാ സേന(BSF), വ്യോമസേന (IAF) എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ യുവാവ് പിടിയിൽ. ഹെൽത്ത് വർക്കറായി ജോലി ചെയ്യുന്ന കച്ച് സ്വദേശി സഹദേവ് സിംഗ് ഗോഹിലിനെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (ATS)അറസ്റ്റ് ചെയ്തത്. പാകിസ്താനി ഏജന്റിന് വാട്ട്സ് ആപ്പിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മെയ് 1 ന് അന്വേഷണ ഉദ്യോഗസ്ഥർ സഹദേവിനെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ വാട്ട്സ് ആപ്പിൽ പരിചയപ്പെട്ട അദിതി ഭരദ്വാജ് എന്ന പാകിസ്താൻ ഏജന്റിനാണ് വിവരങ്ങൾ കൈമാറിയതെന്ന് ഇയാൾ സമ്മതിച്ചു. യുവതി ആവശ്യപ്പെട്ടതനുസരിച്ച് നിർമ്മാണത്തിലിരിക്കുന്നതോ പുതുതായി നിർമ്മിച്ചതോ ആയ ബിഎസ്എഫ്, ഐഎഎഫ് സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും സഹദേവ് വാട്ട്സ് ആപ്പിൽ അയച്ചു നൽകുകയായിരുന്നു. 2023 ജൂൺ-ജൂലൈ മാസങ്ങളിലായിരുന്നു ഇത്.
അദിതി ഭരദ്വാജിന്റെ പേരിലുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ പാകിസ്താനിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. ചാരവൃത്തി ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന ഒരു അജ്ഞാതൻ ഗോഹിലിന് 40,000 രൂപ പണമായി നൽകിയതായും എടിഎസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഫോൺ കൂടുതൽ പരിശോധനകൾക്കായി എഫ്എസ്എല്ലിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.