ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു. വഡോദരയിലെ ഹാർണി വിമാനത്താവളത്തിൽ ആരംഭിച്ച റോഡ് ഷോയിൽ വിവിധ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങളെ തകർത്ത ഓപ്പറേഷൻ സിന്ദൂർ മാദ്ധ്യമങ്ങൾക്ക് വിശദീകരിച്ച രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് കേണൽ സോഫിയ ഖുറേഷി. റാലിയിൽ പങ്കെടുത്ത പിതാവ് താജ് മുഹമ്മദ് മകളെയോർത്ത് അഭിമാനമാണെന്നും അവൾ രാഷ്‌ട്രത്തിന്റെ പുത്രിയായി ഉയർത്തപ്പെട്ടുവെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ വളരെ നന്നായിരുന്നു. പ്രധാനമന്ത്രി ഞങ്ങളെ കണ്ടതിൽ അഭിമാനമുണ്ട്. സോഫിയ ഖുറേഷി രാജ്യത്തിന്റെ മകളാണ്, അവൾ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്,” അദ്ദേഹം പറഞ്ഞു. മാതാവ് ഹലീമ ഖുറേഷിയും മകൾക്ക് രാഷ്‌ട്രത്തെ സേവിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം കൊണ്ടു. സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരി ഷൈന സുൻസാരയും റോഡ്‌ഷോയിൽ ഉണ്ടായിരുന്നു.
ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ഖുറേഷിയുടെ പേരിൽ നിരവധി ബഹുമതികൾ ഉണ്ട്. 2016 ൽ, ആസിയാൻ പ്ലസ് മൾട്ടിനാഷണൽ റീജിയണൽ പരിശീലന അഭ്യാസത്തിൽ ഇന്ത്യൻ ആർമി പരിശീലന സംഘത്തെ നയിച്ച ആദ്യത്തെയും ഏക വനിതാ ഓഫീസറായി അവർ ചരിത്രം സൃഷ്ടിച്ചു. കരസേനാ ഉദ്യോഗസ്ഥയായ അവർ നിലവിൽ കോർപ്സ് ഓഫ് സിഗ്നൽസിലെ ഒരു എലൈറ്റ് യൂണിറ്റിനെ നയിക്കുന്നു.