അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിനഗറില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2014 മെയ് 26ന് ഞാന്‍ ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11 ാം സ്ഥാനത്തായിരുന്നു. ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ ജപ്പാനെ മറികടന്നു എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. ആറാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ മാറിയപ്പോള്‍ രാജ്യത്താകമാനം ഉണ്ടായിരുന്ന ആവേശം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. 250 വര്‍ഷം നമ്മെ ഭരിച്ച രാഷ്‌ട്രമായ ബ്രിട്ടനെ പിന്തള്ളിയതായിരുന്നു അതിന് കാരണം,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ വര്‍ഷാവസാനം ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യ ഇതിനകം നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, 2025 അവസാനത്തോടെ ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നിതി ആയോഗ് അംഗം അരവിന്ദ് വിര്‍മാനി പിന്നീട് വ്യക്തമാക്കി.
അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്) 2025 ല്‍ ഇന്ത്യയുടെ ജിഡിപി 4.19 ട്രില്യണ്‍ ഡോളറാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജപ്പാന്റെ 4.186 ട്രില്യണ്‍ ഡോളര്‍ ജിഡിപിയെ ഇത് മറികടക്കും.
2047 ഓടെ ഇന്ത്യയ ഒരു വികസിത രാഷ്ട്രമായി മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ‘നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 100 ാം വര്‍ഷം ആകസ്മികമായി ആഘോഷിക്കില്ല. ഒരു വികസിത ഭാരതത്തിന്റെ പതാക ലോകമെമ്പാടും ഉയരത്തില്‍ പറക്കുന്ന തരത്തില്‍ നമ്മള്‍ അത് ആഘോഷിക്കും,’ അദ്ദേഹം പറഞ്ഞു.