ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് മുമ്പ് വലിയൊരു യു ടേണിന് ബിസിസിഐ. മുൻ ഫീൾഡിംഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തിരിച്ചെടുത്തേക്കും. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് മുൻപ് ഒരു വിദേശ ഫീൾഡിംഗ് പരിശീലകനെ തേടിയിരുന്നെങ്കിലും നല്ലൊരാളെ ലഭിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് പരമ്പരയിൽ ടി ദിലീപിന്റെ സേവനം തേടുന്നതെന്നാണ് സൂചന. ഒരു വർഷം വരെ കരാർ നീട്ടുമെന്നാണ് സൂചനയെന്ന് ബിസിസിഐയെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ 3-1ന് പരാജയപ്പെട്ടതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. എന്ത് വിലകൊടുത്തും ജയിച്ച് തുടങ്ങാനും അവസാനിപ്പിക്കാനുമാകും ഗിൽ സംഘവും ശ്രമിക്കുക. ക്യാപ്റ്റനായി അരങ്ങേറുന്ന ഗില്ലിനെ കാത്തിരിക്കുന്നതും ശക്തമായ വെല്ലുവിളിയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലകനായിരുന്ന ദിലീപ് ഗിൽ, ജയ്സ്വാൾ എന്നിവരുൾപ്പടെയുള്ള യുവതാരങ്ങൾക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചിട്ടുണ്ട്.