കോഴിക്കോട്: കൊയിലാണ്ടി പൊതുമരാമത്ത് കരാറുകാർക്ക് നൽകാനുള്ള ബിൽത്തുക ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. സീനിയർ ക്ലാർക്ക് നീതുവാണ് കരാറുകാർക്ക് നൽകാനുള്ള തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. സംഭവത്തിൽ ആഭ്യന്തര വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആറ് കരാറുകാർക്ക് കൊടുക്കാനുള്ള 13 ലക്ഷം രൂപയാണ് നീതു തട്ടിയെടുത്തത്. കൂടുതൽ പണം തട്ടിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. നിലവിൽ നീതുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി ഓഫീസിലെത്തിയ അന്വേഷണ സംഘം ഫയലുകൾ വിശദമായി പരിശോധിച്ചു.
കരാറുകാരന്റെ പേര് രേഖപ്പെടുത്തുന്നതിന് പകരം സ്വന്തം പേരും അക്കൗണ്ട് വിവരങ്ങളും എഴുതിചേർക്കുകയായിരുന്നു. ബില്ല് ട്രഷറിയിലേക്ക് അയക്കുമ്പോൾ അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡുമാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാണ് നീതു തിരിമറി നടത്തിയത്. അക്കൗണ്ടിൽ പണം എത്താത്തതിനെ തുടർന്ന് കരാറുകാർ ഓഫീസുമായി ബന്ധപ്പെട്ടുരുന്നു. പിന്നീടാണ് നീതുവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്.
നീതുവിനെ കൂടാതെ ഹെഡ് ക്ലർക്ക് എൻ കെ ഖദീജയെയും സസ്പെൻഡ് ചെയ്തു. ബില്ലുകൾ പരിശോധിച്ചതിൽ പിഴവ് സംഭവിച്ചതിനെ തുടർന്നാണ് ഖദീജയ്‌ക്കെതിരെ നടപടിയെടുത്തത്. ഇവർക്കെതിരെയും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.















