2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ കടന്നതോടെ ആവേശത്തിലാണ് ആർസിബി ആരാധകർ. ഇതുവരെ കന്നി കിരീടം നേടിയിട്ടില്ലെങ്കിലും ഇത് നാലാം തവണയാണ് ആർസിബി കിരീടപോരാട്ടത്തിനായി ഫൈനലിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയർ ഒന്നിൽ പഞ്ചാബ് കിംഗ്‌സിനെതിരെ എട്ടുവിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയാണ് ആർസിബി ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.
വിജയത്തിന് പിന്നാലെ വിരാട് കോലി, ക്രുണാൽ പാണ്ഡ്യ , രജത് പാട്ടീദർ എന്നിവരുടെ വിജയാഘോഷവും ക്യാമറക്കണ്ണുകൾ പകർത്തി. ഇതിനിടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഗാലറിയിലിരുന്ന ഒരു യുവതിയുടെ പോസ്റ്ററിലെ വാചകങ്ങളാണ്. ഫൈനലിൽ ആർസിബി കിരീടം നേടിയില്ലെങ്കിൽ ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തുമെന്ന കടുപ്പിച്ച വാക്കുകളാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്റർ ക്യാമറയ്‌ക്ക് നേരെ ഉയർത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു യുവതി.
— Ghar Ke Kalesh (@gharkekalesh) May 29, 2025
ആർസിബിയുടെ കടുത്ത ആരാധികയും അവരുടെ കയ്യിലെ പോസ്റ്ററും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 2016 ന് ശേഷമുള്ള ആദ്യ ഐപിഎൽ ഫൈനലിലേക്കാണ് ആർസിബി എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.