പട്ന: അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി നൽകുമെന്ന് പറഞ്ഞത് പാലിച്ചുവെന്നും ഭീകരതയെ ഇനി തല പൊക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിഹാറിൽ നിന്നാണ് ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചത്. ആ വാക്ക് പാലിച്ചതിന് ശേഷമാണ് ഞാൻ ബിഹാറിൽ എത്തുന്നത്. പാകിസ്ഥാനിലിരുന്ന് ചിലർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. ഭാരതത്തിലെ സഹോദരിമാരുടെ സിന്ദൂരത്തിന്റെ ശക്തി എന്തെന്ന് പാകിസ്ഥാൻ അറിഞ്ഞു”.
പാകിസ്ഥാന്റെ സൈന്യശേഷികളെ മുഴുവൻ മിനിറ്റുകൾക്കകം ഭാരതം തകർത്തെറിഞ്ഞു. വീണ്ടും ഭീകരത തലയുയർത്തിയാൽ ഒരു തരി പോലും ബാക്കി വയ്‌ക്കില്ല. നക്സൽ ഭീകരതയെ തുടച്ചുമാറ്റിയ കാലം കൂടിയാണ് കഴിഞ്ഞ പത്ത് വർഷം. 2014-ൽ 150 ഓളം ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. ഇന്ന് വെറും 20 ജില്ലകളിൽ താഴെ മാത്രമാണ് മാവോയിസ്റ്റ് ഭീകരതയുടെ സാന്നിധ്യമുള്ളത്. വിട്ടുവീഴ്ചയില്ലാത്ത നിലപാട് എല്ലാ ഭീകരതയോടും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.