ദുബായ്: കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം പകരാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായിലെ 622 സ്ഥലങ്ങളിലാണ് ശീതികരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സജ്ജമാക്കിയിരിക്കുന്നത് . എല്ലാ കേന്ദ്രങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ക്യാമ്പയിനിലൂടെ അധികൃതർ ഉറപ്പുവരുത്തി.
മാർച്ചിൽ ആരംഭിച്ച ഇവയുടെ പരിശോധന 2025ന്റെ രണ്ടാം പാദം വരെ തുടരുമെന്ന് ആർ.ടി.എ അറിയിച്ചു . 24 മണിക്കൂറും എ.സി ഷെൽറ്ററുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും, സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കാനും, ബസുകളുടെ വരവും പുറപ്പെടലും സംബന്ധിച്ച തത്സമയ വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം, പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഷെൽറ്ററുകൾ പരിപാലിക്കാൻ തുടർച്ചയായ ക്ലീനിംഗ്, സാനിറ്റൈസേഷൻ പട്രോളിംഗുകൾ വിന്യസിച്ചിട്ടുണ്ട്. ആർ.ടി.എ ദുബായ് ആപ്പിൽ ലഭ്യമായ ‘മദീനത്തി’ സേവനത്തിലൂടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാവുന്നതാണ്. ഏറെ ആകർഷകവും ഉപഭോക്തൃ സൗഹൃദപരവുമായ രീതിയിൽ രൂപകൽപന ചെയ്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് ഉറപ്പുനൽകുന്നത്.













