ആലപ്പുഴ: റാപ്പർ വേടൻ വിഷയത്തിൽ കെ.പി ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോടംതുരുത്ത് സ്വദേശി രാജേഷിനെതിരെയാണ് കുത്തിയതോട് പൊലീസ് കേസെടുത്തത്. അടുത്തിടെ മരിച്ച ഭർത്താവിനെക്കുറിച്ചടക്കമുള്ള യുവാവിന്റെ പരാമർശങ്ങൾ മാനസികമായി വേദനിപ്പിച്ചെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ശശികല ടീച്ചർ പറഞ്ഞു.
കഴിഞ്ഞ 25 ന് രാജേഷ് രാജു എന്ന ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു രാജേഷ് ശശികല ടീച്ചററേയും ഹിന്ദു ഐക്യവേദിയേയും അധിക്ഷേപിക്കുകയും സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തത്. യുവാവിന്റെ പരാമർശങ്ങൾ മാനസികമായി വലിയ വേദന ഉണ്ടാക്കിയതായും 6 മാസം മുമ്പ് തന്റെ ഭർത്താവ് മരിച്ചതാണെന്നും അദ്ദേഹത്തെ അടക്കം പരാമർഷിച്ചുള്ള അവഹേളനം സഹിക്കാവുന്നതിനപ്പുറമാണെന്നും ശശികല ടീച്ചർ പറഞ്ഞു. സ്ത്രീത്വത്തെ അവഹേളിക്കുന്നതായിരുന്നു പോസ്റ്റെന്നും രാഷ്ടീയവും സംഘടനാപരവുമായ വിമർശനങ്ങളെ ചിരിച്ചു കൊണ്ടെ നേരിട്ടിട്ടുള്ളു എന്നും എന്നാൽ ഇതങ്ങനെയല്ല കാണുന്നത് നിയമ നടപടി തുടരുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.
വേടനോ ഏതെങ്കിലും കലാരൂപത്തിനോ താൻ എതിരല്ലന്നും പട്ടികജാതി വികസന ഫണ്ട് വിനയോഗിച്ച രീതിയെയും ലഹരിക്കെതിരായ പരിപാടി സംഘടിപ്പിച്ച രീതിയെയുമാണ് വിമർശിച്ചതെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു.















