തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം.59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ 2025ലെ കേരളത്തിലെ കൊവിഡ് മരണസംഖ്യ 6 ആയി. സംസ്ഥാനത്ത് നിലവിൽ 1,336 കൊവിഡ് രോഗികൾ. രാജ്യത്താകെ 3,395 ആക്റ്റീവ് കേസുകളുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പുതിയൊരു കൊവിഡ് മരണമുണ്ടായതായി വ്യക്തമാക്കുന്നത്.
7 പേർ മരിച്ച മഹാരാഷ്‌ട്രയിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളതും കേരളത്തിൽ തന്നെ. രാജ്യത്താകെ 3,395 പേർ കൊവിഡ് രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതിൽ 1,336 ആക്റ്റീവ് കേസുകളും കേരളത്തിലാണ്. പ്രതിദിന രോഗവർധനയിലും സംസ്ഥാനമാണ് മുന്നിൽ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ 685 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 189 എണ്ണവും കേരളത്തിൽ നിന്ന്. കേരളത്തിൽ വ്യാപിക്കുന്നത് ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. എല്‍എഫ് 7 വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം. പ്രായമായവരും രോഗമുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണമെന്നും നിർദേശമുണ്ട്.