ബെംഗ്ളൂരു: കർണാടകയിൽ അതിശക്തമായ മഴയിൽ 71 പേർ മരിച്ചു. ഏപ്രിൽ മുതൽ മെയ് മാസംവരെ പെയ്ത മഴയിൽ മരിച്ചവരുടെ കണക്കുകളാണ് കർണാടക സർക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് മാസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നതെന്നും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 125 വർഷത്തിനിടെ സംസ്ഥാനത്ത് പെയ്ത ഏറ്റവും ശക്തമായ മഴയാണിതെന്ന് പ്രസ്താവനയിൽ പറയുന്നു. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇടിമിന്നലേറ്റ് 48 പേരും മരങ്ങൾ കടപുഴകി വീണ് ഒമ്പത് പേരും വീട് തകർന്ന് അഞ്ച് പേരും മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് നാല് പേരുടെ മരണവും സ്ഥിരീകരിച്ചു.
മഴക്കെടുതിയിൽ നിരവധി മൃഗങ്ങളും ചത്തതായാണ് റിപ്പോർട്ട്. 2,068 വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. സെപ്റ്റംബർ വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ദേശീയ- സംസ്ഥാന ദുരന്തസേനകളെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അപകടബാധിത പ്രദേശങ്ങളിൽ അധിക എൻഡിആർഎഫ് സംഘത്തെയും അഗ്നിശമന സേനയെയും വിന്യസിച്ചു.