നടി ശോഭനയോടൊപ്പം വർക്ക് ചെയ്തതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഛായാഗ്രാഹകൻ അഴഗപ്പൻ. സിനിമയുടെ ബജറ്റ് കുറവാണെന്ന് അറിഞ്ഞ് ശോഭന സൗകര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും വസ്ത്രം മാറാൻ മുറി പോലും ഉണ്ടായിരുന്നില്ലെന്നും അഴഗപ്പൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അഗ്നിസാക്ഷി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തെ ഓർമകളാണ് അഴഗപ്പൻ പങ്കുവക്കുന്നത്.
“സിനിമയുടെ ക്ലൈമാക്സിന് ഹരിദ്വാറിൽ ഷൂട്ടിംഗുണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് പറഞ്ഞിരുന്നത്. ആ ദിവസം ശോഭനയും അവിടെ എത്തിയിരുന്നു. എന്നാൽ റൂമൊന്നും അവർ ചോദിച്ചിരുന്നില്ല. ഓപ്പണായി കിടക്കുന്ന സ്ഥലത്ത് വച്ച് തന്നെ വസ്ത്രം മാറാമെന്ന് അവർ സമ്മതിച്ചു”.
ഡ്രസ് മാറ്റാനായി ഒരു ടെന്റ് ഉണ്ടാക്കാൻ പറഞ്ഞു. ടെന്റുണ്ടാക്കി കൊടുത്തു. നമ്മുടെ കയ്യിൽ ബജറ്റ് കുറവാണെന്ന് ശോഭനയ്ക്ക് മനസിലായിരുന്നു. ശോഭന ഉച്ചയ്‌ക്ക് കിടന്നുറങ്ങിയത് ഒരു പാറപ്പുറത്താണ്. പേപ്പർ വിരിച്ചാണ് ശോഭന കിടന്നത്. കൂടുതൽ കാര്യങ്ങളൊന്നും അവർ ആവശ്യപ്പെട്ടിരുന്നില്ലെന്നും അഴഗപ്പൻ പറഞ്ഞു.
രജിത് കപൂർ, ശോഭന, ശ്രീവിദ്യ, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അഗ്നിസാക്ഷി. അഗ്നിസാക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.















