പാലക്കാട് കോങ്ങാട് 1.2 കിലോഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ. മണ്ണൂർ കമ്പനിപ്പടി കള്ളക്കലിൽ സരിതയും(30), മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലു(30)മാണ് പിടിയിലായത്. ഇരുവരും കേറ്ററിംഗ് മറയാക്കിയാണ് രാസ ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഒന്നരവർഷമായി ഇവർ ലഹരി കച്ചവടം നടത്തുന്നുണ്ട്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ലഹരി കടത്തു കേസുകളിലൊന്നാണിത്. പ്ലസ് ടു കാലത്ത് ഒന്നിച്ച പഠിച്ച ഇരുവരും സൗഹൃദം തുടരുകയും പിന്നീട് കേറ്ററിംഗ് സ്ഥാപനം തുടങ്ങുകയുമായിരുന്നു.
സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചങ്കിലും സുനിലുമായി സൗഹൃദം തുടരുകയായിരുന്നു. സരിതയുടെ ഭർത്താവ് വിദേശത്താണ്. ബെംഗളൂരുവിൽ നിന്ന് വലിയ അളവിൽ ലഹരിയെത്തിച്ച് ചില്ലറ വില്പന നടത്തുകയായിരുന്നു ഇരുവരും. രാസ ലഹരിക്കൊപ്പം രണ്ടു ലക്ഷം രൂപയും തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഇവരിൽ നിന്ന് പിടികൂടി.
ജിഎസിടിയില്ലാതെ സ്വർണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണ് യുവതിയുടെ മൊഴി. എന്നാൽ അന്വേഷണത്തിൽ ഇരുവരും വർഷങ്ങളായി ലഹരി കച്ചവടം നടത്തുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അവിവാഹിതനായ യുവാവ് എംകോം ബിരുദധാരിയും ബോക്സിംഗ് കുങ്ഭു താരവുമാണ്.















