ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ഗ്ലെൻ മാക്സ്വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാക്സ്വെൽ വീണ്ടും റെഡ് ബോൾ ക്രിക്കറ്റ് കളിച്ചേക്കില്ല. ഫൈനൽ വേഡ് പോഡ്കാസ്റ്റിലെ അഭിമുഖത്തിലായിരുന്നു താരം ഏകദിനം മതിയാക്കുന്ന കാര്യം വ്യക്തമാക്കിയത്. തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ടീമിനെ തളർത്തുന്നതായി മനസിലായെന്നും 2022-ൽ കാലിനേറ്റ പരിക്ക് കരിയറിൽ വലിയ തിരിച്ചടിയായെന്നും മാക്സ്വെൽ വ്യക്തമാക്കി.
2027 ലോകകപ്പ് വരെ തുടരാനാകുമെന്ന് തോന്നുന്നില്ലെന്ന് ഓസ്ട്രേലിയൻ മുഖ്യ സെലക്ടർ ജോർജ് ബെയ്ലിയോട് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്കിടെയാണ് വിരമിക്കൽ തീരുമാനം കൈകൊണ്ടത്. എന്റെ പൊസിഷനിൽ പുതിയ താരങ്ങളെ പരീക്ഷിക്കേണ്ട സമയമാണിതെന്നും അവരെ 2027 ലോകകപ്പിലേക്ക് സജ്ജരാക്കണമെന്നും ബെയ്ലിയോട് വ്യക്തമാക്കിയെന്നും മാക്സി പറഞ്ഞു.
മാക്സ്വെൽ ഓസ്ട്രേലിയയ്ക്കായി 149 ഏകദിന മത്സരങ്ങൾ കളിച്ചു, 3990 റൺസ് നേടിയപ്പോൾ 77 വിക്കറ്റും സ്വന്തമാക്കി. രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയുമായി. 2023 ലോകകപ്പിൽ തോൽവി ഉറപ്പിച്ച ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനിൽ നിന്ന് വിജയം തട്ടിപ്പറിച്ചൊരു ചരിത്രമുണ്ട്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ചൊരു ഇന്നിംഗ്സ് പിറന്ന കഥയുണ്ട് ആ ചരിത്രത്തിന് പിന്നിൽ. അത് എന്നും ഓർമിക്കപ്പെടുുന്നത് മാക്സിയുടെ പേരിലാകും.
ഏകദിന ലോകകപ്പിലെ 39-ാം മത്സരത്തിലായിരുന്നു ആ ഇരട്ട സെഞ്ച്വറി പിറന്നത്. 172 പന്തിൽ 202 റൺസാണ് എട്ടാം വിക്കറ്റിൽ പാറ്റ് കമിൻസിനൊപ്പം അന്ന് മാക്സ്വെൽ ചേർത്തത്. അതിൽ 12 റൺസാണ് ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ സമ്പാദ്യം. 128 പന്തിൽ 201 റൺസ് നേടിയ മാക്സി അന്ന് പൊരുതിയത് പരിക്കേറ്റ കാലുമായിട്ടായിരുന്നു. 18.3 ഓവറിൽ 91/7 എന്ന നിലയിൽ നിന്ന് 46.5 ഓവറിൽ അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നതും പിന്നീട് ഏകദിന ലോക കിരീടം ഉയർത്തിയതും ചരിത്രം.















