മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ. കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ തമിഴ് ഭാഷയിൽ നിന്നാണ് കന്നഡ പിറന്നതെന്ന കമൽഹാസന്റെ പരാമർശമാണ് വിവാദത്തിലായത്.
അതേസമയം പ്രതികരണം വിവാദമായെങ്കിലും മാപ്പ് പറയാൻ കമൽഹാസൻ തയാറായില്ല. താൻ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് കമൽഹാസൻ വ്യക്തമാക്കിയത്. ഇതോടെയാണ് ചിത്രം കർണാടകയിൽ നിരോധിച്ചത്. നടനെതിരെ രൂക്ഷമായ വിമർശനവും ഉയർന്നു. കമലിന്റെ കോലമടക്കം തെരുവിൽ കത്തിച്ചു.
നിരോധനം നിയമവിരുദ്ധമാണെന്നും റിലീസ് തീയതിയിൽ തന്നെ പ്രദർശനാനുമതി നൽകണമെന്നുമാണ് രാജ്കമൽ ഇന്റർനാഷണിലിന്റെ ഹർജിയിലെ ആവശ്യം. കമൽഹാസൻ മാപ്പുപറയാതെ ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് കർണാടക ഫിലിം ചേംബർ. വിതരണക്കാരും തിയേറ്റർ ഉടമകളും ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചതായും ചേംബർ അധികൃതർ വ്യക്തമാക്കി. ജൂൺ 5-നാണ് തഗ് ലൈഫിന്‍റെ ആഗോള റിലീസ്.