കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ തഗ് ലൈഫ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ നടനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കർണാടകയിൽ കമൽ ചിത്രം ചേംബർ നിരോധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് പ്രദർശനാനുമതി തേടിയാണ് താരം കോടതിയെ സമീപിച്ചത്. നിരോധനം നിയമവിരുദ്ധമെന്നായിരുന്നു വാദം. രൂക്ഷമായ പരാമർശങ്ങളാണ് കമൽഹാസനെതിരെ കോടതി നടത്തിയത്.
മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നത്തിൽ, സംരക്ഷണം തേടി കോടതിയിലെത്തിയത് എന്തിനാണ്. വികാരങ്ങൾ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല. ഭാഷയും വെള്ളവും ഭൂമിയും പൗരന്മാർക്ക് പ്രധാനപ്പെട്ടതാണ്. കാര്യങ്ങൾ ഈ സാഹചര്യത്തിലെത്തിച്ചത് കമൽഹാസൻ തന്നെയാണ്. എന്നിട്ട് അദ്ദേഹം മാപ്പ് പറയാൻ തയാറായില്ല.
കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളുടെ അടിവേരാണ് കമൽ ഇളക്കിയത്. എന്തടിസ്ഥാനത്തിലാണത്. കമൽഹാസൻ ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? നിങ്ങൾ മാപ്പ് പറയാൻ തയാറല്ലെങ്കിൽ സിനിമ എന്തിന് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് പറയുന്നത്. ഒരു ജനവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലേക്ക് ആവിഷ്കാര സ്വാതന്ത്ര്യം നീട്ടാനാകില്ല.
മാപ്പ് പറഞ്ഞാൽ പിന്നേ പ്രശ്നമൊന്നുമില്ല. നിങ്ങൾ കോടതിയിലെത്തിയത് വാണിജ്യ താത്പ്പര്യങ്ങൾ മുൻനിർത്തിയാണ്. നിങ്ങൾ ഉണ്ടാക്കിയ പ്രശ്നത്തിന് പൊലീസ് നിങ്ങൾക്ക് സംരക്ഷണം നൽകണം. ഒരു മാപ്പ് പറഞ്ഞാൽ ഇവിടെയെല്ലാം അവസാനിക്കും. എന്നാൽ ആ മനോഭാവം നോക്കൂ.— കോടതി രൂക്ഷമായി വിമർശിച്ചു. നാക്കുപിഴ ആർക്കും സംഭവിക്കാം, അതിൽ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കമൽ മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും കോടതി ആരാഞ്ഞു.അത് തീരുമാനിക്കേണ്ടത് കമൽഹാസനാണെന്ന് അഭിഭാഷകൻ മറുപടി നൽകി. കമലിന്‍റെ ഹർജിയിൽ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ഉത്തരവ് വരും.















