കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി രക്ഷപ്പെട്ട കപ്പാകേസ് പ്രതി അറസ്റ്റിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്‌ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലിൽ വച്ച് ഇന്ന് പുലർച്ചെയാണ് ഇയാളെ ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്.
ഇന്നലെ വൈകീട്ടായിരുന്നു വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കവേ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നും മറ്റ് കേസുകളിൽ ഉൾപ്പെടാൻ പാടില്ലെന്നുമുള്ള നിബന്ധനയോടെ അജ്മലിനെ നാട് കടത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്‌ക്കായി കോഴിക്കോട് ഗവൺമെന്റ് ബീച്ച് ആശുപത്രയിൽ എത്തിച്ചു. ഇവിടെ വച്ച് ഇയാൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസ് സമ്മതിക്കുകയായിരുന്നു, എന്നാൽ ഈ അവസരം മുതലാക്കി പ്രതി വെന്റിലേറ്റർ തകർത്ത് രക്ഷപ്പെടുകയായിരുന്നു. കവർച്ച, ഭീഷണിപ്പെടുത്താൽ തുടങ്ങി കോഴിക്കോട് ടൗണ്‍, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, ചെമ്മങ്കാട്, ചേവായൂര്‍, നടക്കാവ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.















