ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇനി ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന് അറിയപ്പെട്ടേക്കും. 2007 മുതൽ പട്ടൗഡി ട്രോഫി എന്നായിരുന്നു ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയെ വിളിച്ചിരുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ 75-ാം വർഷികത്തിന്റെ സ്മരണയിലാണ് പരമ്പരയ്‌ക്ക് പട്ടൗഡി ട്രോഫിയെന്ന് പേര് നൽകിയത്.
പുനർനാമകരണത്തിന്റെ വിവരങ്ങൾ ബിബിസി .കോം ആണ് പുറത്തുവിട്ടത്. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ജൂൺ 20ന് ഹെഡിംഗ്ലിയിലാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് പുതിയ പേര് നിർദേശിച്ചതെന്നാണ് സൂചന.ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറിനും ജെയിംസ് ആൻഡേഴ്സണും ആദരവ് നൽകുന്നതിനാണ് പരമ്പര പുനർനാമകരണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
1989-2013 കാലഘട്ടങ്ങളിൽ ഇന്ത്യക്കായി 200 ടെസ്റ്റ് കളിച്ച സച്ചിൻ ടെൻഡുൽക്കർ 15,921 റൺസുമായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ആൻഡേഴ്സൺ സ്വന്തമാക്കിയത് 704 വിക്കറ്റുകളാണ്.
“പട്ടൗഡി ട്രോഫി ഇസിബി പിൻവലിക്കാൻ പോകുന്നു എന്ന വാർത്ത അസ്വസ്ഥപ്പെടുത്തുന്നതാണ്. തീരുമാനം പൂർണമായും ഇസിബിയുടേതാണ്, ബിസിസിഐയെ ഇക്കാര്യം അറിയിച്ചിരിക്കാമെന്നും” സുനിൽഗവാസ്കർ പറഞ്ഞു. “താൻ ഇക്കാര്യം കേട്ടിരുന്നില്ലെന്നും എന്നാൽ അവർ (ഇസിബി) പട്ടൗഡി ട്രോഫി പിൻവലിക്കുന്ന കാര്യത്തെക്കുറിച്ച് സെയ്ഫിന് കത്തയച്ചിരുന്നതായി” മൻസൂർ അലിഖാൻ പട്ടൗഡിയുടെ ഭാര്യയും നടിയുമായ ഷർമിള ടാഗോർ പറഞ്ഞു.















