ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയത്തെ കുറിച്ച് ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റേത് ഭീകരതയ്ക്കെതിരെയുള്ള പോരാട്ടമാണെന്നും പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ചെനാബ് റെയിൽവേ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജമ്മുകശ്മീരിലെ സമ്പദ് വ്യവസ്ഥ തകർക്കാനും വിനോദസഞ്ചാരികളെ ആക്രമിക്കാനും പാകിസ്ഥാൻ ഗൂഢാലോചന നടത്തിയിരുന്നു. മനുഷ്യത്വത്തിനും കശ്മീർ വിനോദസഞ്ചാരത്തിനും എതിരെയാണ് എന്നും പാകിസ്ഥാൻ. അതുകൊണ്ടാണ് അവർ പഹൽഗാമിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിച്ചത്”.
നമ്മുടെ വിനോദസഞ്ചാര മേഖലയെയും സമാധാനത്തെയും പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തെയും പാകിസ്ഥാൻ എതിർക്കുന്നു. അതിന്റെ വ്യക്തമായ ഉദാഹരണമാണ് പഹൽഗാം ഭീകരാക്രമണം. ഭാരതത്തിന്റെ വളർച്ചയിൽ കശ്മീർ വഹിക്കുന്ന പങ്ക് നിർണായകമാണ്. അമൂല്യ രത്നങ്ങളാൽ നിർമിച്ച ഇന്ത്യയുടെ കിരീടമാണ് കശ്മീരെന്നും പ്രധാനമന്ത്രി പറഞ്ഞു.















