ഇന്ത്യയുടെ മുതിർന്ന സ്പിന്നറും ഏകദിന-ടി20 ലോകകിരീട ജേതാവുമായ പീയുഷ് ചൗള ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് 36-കാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിലൂടെയാണ് ചൗള വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു ടെസ്റ്റ്, 25 ഏകദിനം, ഏഴ് ടി20 എന്നിവയിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരം യഥാക്രമം ഏഴ്, 32, 4 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും കിരീട വിജയങ്ങളിൽ പങ്കാളിയായി. 2012 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം.
പരിശീലകർക്കും ടീമംഗങ്ങൾക്കും ക്രിക്കറ്റ് ബോർഡുകൾ നന്ദി പറഞ്ഞ പീയുഷ് ചൗള കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വാചാലനായിട്ടുണ്ട്. അവിശ്വസനീയമായ ഈ യാത്രയിലെ ഒരോ നിമിഷവും അനുഗ്രഹമായിരുന്നുവെന്നും ഓരോ ഓർമകളും ഹൃദയത്തിൽ തുന്നിച്ചേർത്തെന്നും ചൗള പറഞ്ഞു.
ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി നിർണായക പ്രകടനം നടത്തിയ താരമാണ് ചൗള. പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കായി കളിച്ച ചൗള 181 മത്സരങ്ങളിൽ നിന്ന് 179 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.















