ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തുകൾ അയച്ച് പാകിസ്ഥാൻ. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് പാകിസ്ഥാൻ പിന്തുണ ഉപേക്ഷിക്കുന്നതുവരെ കരാർ പുനഃപരിശോധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നാല് കത്തുകളാണ് പാകിസ്ഥാൻ ഇന്ത്യക്ക് അയച്ചിട്ടുള്ളത്. എന്നാൽ ഇതിനൊന്നും തന്നെ ഇന്ത്യ ഇതുവരെ മറുപടി നൽകിയിട്ടില്ല.
കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് നാല് കത്തുകൾ അയച്ചു. പിന്നീട് ഈ കത്തുകൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് (എംഇഎ) അയച്ചു. മൂന്ന് കത്തുകൾ ഓപ്പറേഷൻ സിന്ദൂരിന് ശേഷം അയച്ചവയാണ്. കരാർ നിർത്തിവയ്‌ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഏപ്രിൽ 24 ന് ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്ഥാൻ കമ്മീഷണർക്ക് അയച്ച ഔപചാരിക അറിയിപ്പിനുള്ള മറുപടിയായിരുന്നു ഈ കത്തുകൾ.
പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ നാലിലൊന്ന് സിന്ധു നദീജലത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ കരാർ റദ്ധാക്കിയതിലൂടെ രാജ്യം വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് പാകിസ്ഥാനെ ജലക്ഷാമത്തിലേക്ക് നയിക്കുകയും പ്രദേശത്തെ കാർഷികമേഖലയെ അപകടത്തിലാക്കുകയും ചെയ്യും. ഈ ഗുരുതര പ്രത്യഘാതങ്ങൾ ഒഴിവാക്കാനാണ് അവർ നിരന്തരം ഇന്ത്യക്ക് കത്തുകൾ അയച്ച് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്നത്.















