സൂപ്പർ ഹിറ്റ് സിനിമകളെ കവച്ചുവയ്‌ക്കുന്ന രീതിയിൽ കഥകളും തിരക്കഥകളും മെനഞ്ഞ്, പത്തുപേരെ വലയിലാക്കി വിവാഹ തട്ടിപ്പ് നടത്തി..! പതിനൊന്നാമന് ഒരുക്കിയ കെണിയിൽ അല്പമൊന്ന് പാളി, കുടുങ്ങിപ്പോയ മംഗല്യറാണി പിടിയിലായി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയെയാണ് പൊലീസ് പിടികൂടിയത്. ഒരു കുട്ടിയുടെ അമ്മയുമാണിവർ. അണിഞ്ഞൊരുങ്ങി പുതിയ വിവാഹത്തിനായി പന്തിലിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് കാക്കിയിട്ട അതിഥികളെത്തി കുടുക്കിയത്. തലസ്ഥാനത്തെ പഞ്ചായത്തംഗമായ പ്രതിശ്രുത വരനും ബന്ധുവിനും തോന്നിയ സംശയമാണ് തട്ടിപ്പ് റാണിയെ കുടുക്കിയത്. ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് തലസ്ഥാന വാസിയുമായി രേഷ്മ വിവാഹം ഉറപ്പിക്കുന്നത്. ഇതിനായി മെനഞ്ഞതാകട്ടെ വലിയൊരു കഥയും. അതേസമയം ജൂലൈയിൽ മറ്റൊരു തിരുവനന്തപുരം സ്വദേശിയുമായും ഇവർ വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പെലീസ് പറയുന്നു.
വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്തംഗത്തിന്റെ ഫോണിലേക്ക് മേയ് 29ന് ആദ്യം വിളിയെത്തിയത്. അമ്മയെന്ന് പറഞ്ഞ ഒരു സ്ത്രീയാണ് ആദ്യം സംസാരിച്ചത്. ഇതിന് ശേഷമാണ് മകളായ രേഷ്മയുടെ നമ്പർ നൽകിയത്. തുടർന്ന് രേഷ്മയും പഞ്ചായത്തംഗവും സംസാരിച്ചു. യുവാവിന്റെ വിശ്വാസം ആർജിച്ച രേഷ്മ ബന്ധം വിവാഹത്തിലേക്ക് എത്തിച്ചു. ഇതിനിടെ ഇവർ കോട്ടയത്തെ ഒരു മാളിൽവച്ച് ഒരുമിച്ച് കാണുകയും ചെയ്തു. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നും തീരുമാനിച്ചു.
ഇതിന് പിന്നാലെയാണ് പുത്തൻ തിരക്കഥയുടെ പിറവി. അമ്മയുടെ തന്നോടുള്ള പെരുമാറ്റം മോശമാണെന്നും തന്നെ ദത്തെടുത്ത് വളർത്തുന്നതാണെന്നും വിവാഹം നടത്തുന്നതിൽ താത്പര്യമില്ലെന്നും യുവാവിനെ വിശ്വസിപ്പിച്ചു. അവതരണം വളരെ വൈകാരികമായിരുന്നു. ഇതോടെ യുവാവിന്റെ മനസലിഞ്ഞു. ഉടനെ വിവാഹം കഴിക്കാമെന്ന് അയാൾക്ക് സമ്മേതിക്കേണ്ടി വന്നു.
തുടർന്ന് യുവതിയോട് തിരുവനന്തപുരത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രേഷ്മ വ്യാഴാഴ്ച തിരുവനന്തപുരം വെമ്പായത്തുള്ള യുവാവിന്റെ വീട്ടിലെത്തി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പഞ്ചായത്തംഗം അക്കാര്യം ബന്ധുവിനെ അറിയിച്ചു. രേഷ്മ വിവാഹത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാർലറിൽ പോയപാടെ യുവതിയുടെ ബാഗ് യുവാവും ബന്ധുവും ചേർന്ന് പരിശോധിച്ചു. ഇതോടെ പഴയ വിവാഹങ്ങളുടെ രേഖകൾ ലഭിച്ചു. തട്ടിപ്പ് മനസിലായ യുവാവ് പൊലീസിനെ വിവരം അറിയിച്ച്, യുവതിയെ കൈമാറുകയായിരുന്നു.















