തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ കള്ള പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി നൽകിയതിനുള്ള വൈരാഗ്യത്തിലാണ് തങ്ങൾക്കെതിരെ ജീവനക്കാർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.
“ഞങ്ങൾ പരാതി കൊടുത്തതിന് ശേഷമാണ് അവർ ഞങ്ങൾക്കെതിരെ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പണം തട്ടിയെന്നാണ് അവരുടെ പരാതി. അവർക്കെതിരെ എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. കുറ്റം സമ്മതിക്കുകയും ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെയൊക്കെ വീഡിയോകളുണ്ട്’.
‘ഈ പെൺകുട്ടികളുടെ പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു. എനിക്കെതിരെ കേസെടുത്തുവെന്ന് എന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ വളരെ മോശമായാണ് സിഎ പെരുമാറിയത്. രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി മൊഴിയെടുത്തു. ജീവിതത്തിൽ ആദ്യമായാണ് ഒരു പൊലീസുകാരൻ ഇങ്ങനെ പെരുമാറുന്നത്. അയാൾ മറ്റൊരു പാർട്ടിയിലുള്ള ആളാകാം അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയത്. മുഖത്ത് പോലും നോക്കാതെ വളരെ കർക്കശത്തോടെയാണ് സംസാരിച്ചതെന്നും” കൃഷ്ണകുമാർ പറഞ്ഞു.
പണം പോയതിലല്ല, വിശ്വാസവഞ്ചന കാണിച്ചതാണ് ക്ഷമിക്കാൻ കഴിയാത്തതെന്ന് ദിയ കൃഷ്ണ പറഞ്ഞു. ആശുപത്രിയിൽ പോകുമ്പോഴെല്ലാം ഇവരാണ് ബിസിനസ് നോക്കിയിരുന്നത്. എത്ര രൂപയാണെങ്കിലും വൈകുന്നേരം എന്നെ അറിയിക്കണം എന്ന് മാത്രമാണ് അവരോട് ഞാൻ പറഞ്ഞിരുന്നത്. പണം കുറഞ്ഞപ്പോഴും ഇവരെ സംശയിച്ചിരുന്നില്ല. പ്രതികളിൽ ഒരാളുടെ ഭർത്താവ് വിളിച്ച് താനുമായി സംസാരിച്ചെന്നും പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിയ പറഞ്ഞു.















