ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്‌ക്കെതിരെ കേസെടുത്തു. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചിനായിരുന്നു കത്തിക്കുത്ത്. മുഹമ്മദ് ലഷ്കർ എന്ന ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. ഗുപ്തയ്‌ക്കൊപ്പം മൂന്നുവർഷമായി ജോലി ചെയ്യുന്നയാളാണ് ലഷ്കർ. 23,000 രൂപയാണ് പ്രതിമാസ ശമ്പളം. ഒരിക്കലും ഇത് ഗുപ്ത സമയത്ത് നൽകുമായിരുന്നില്ല. ഇതിന്റെ പേരിൽ വാഗ്വാദങ്ങളും പതവായിരുന്നു. കഴിഞ്ഞ മാസം ശമ്പളം നൽകാതിരുന്ന ഗുപ്ത മേയ് 30ന് ലഷ്കറിനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു.
ജൂൺ മൂന്നിന് ഗുപ്തയെ ഫോൺവിളിച്ച ലഷ്കർ തന്റെ ശമ്പളം ആവശ്യപ്പെട്ടു. എന്നാൽ ജോലി തുടരാതെ ശമ്പളം നൽകില്ലെന്നായിരുന്നു ഗുപ്ത പറഞ്ഞത്. പിറ്റേദിവസം ലഷ്കർ ജോലിക്കെത്തി. എന്നിട്ടും സംവിധായകൻ ശമ്പളം നൽകാൻ തയാറായില്ല.സംഭവം ദിവസം വൈകിട്ട് അഞ്ചരയ്‌ക്ക് ഗുപ്തയുടെ ഓഫീസിലായിരുന്നു ഇരുവരും.
ഡ്രൈവർ വീണ്ടും ശമ്പളം ആവശ്യപ്പെട്ടു. ഇതോടെ സംവിധായകൻ ലഷ്കറിനെ തെറി വിളിച്ചു. ശമ്പളം നൽകാൻ സൗകര്യമില്ലെന്നും പറഞ്ഞു. യുവാവ് കയർത്തതോടെ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. പേടിച്ചരണ്ട് പുറത്തുവന്ന യുവാവ് വാച്ച്മാനെയും മറ്റൊരു ഡ്രൈവറെയും വിവരം അറിയിച്ചു. ഇവർ ലഷ്കറെ ആശുപത്രിയൽ പ്രവേശിപ്പിക്കുകയായിരുന്നു.















